ഏഴാം ക്‌ളാസ്സിലെ ഗിലാനി :-)


                 വിനുവും ഞാനും സഹപാഠികളായിരുന്നു. പത്ത് വരെ ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് നമ്മൾ രണ്ടും രണ്ട് വഴിക്കായ്. ഞാൻ പട്ടാളത്തിൽ ചേർന്നു. അവൻ പിന്നീട് റെയിൽവെയിലും ജോലി തേടി പോയി എന്നറിഞ്ഞിരുന്നു. ഈയിടെയാണ് സോഷ്യൽ മീഡിയയിൽ അവനെ കണ്ടു പിടിച്ചത്. 29 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ നമ്മൾ  ഫോൺ വിളിച്ച് ആഘോഷിച്ചു. അപ്പോഴാണ് അവന്റെയും. അവനെ പോലുള്ള ആ പഴയ ചങ്ക് സിന്റെയും ഓർമ്മകൾ തുളുമ്പുന ഏഴാം ക്ലാസിലെ രസകരമായ ഒരു സംഭവം എന്റെ തലയിലെ ആർക്കൈവ്സിൽ നിന്നും റിക്കവർ ചെയ്തെടുത്തത്.

പഠിപ്പിസ്റ്റുകളെയും എലൈറ്റുകളെയും അന്നത്തെ സമ്പ്രദായ പ്രകാരം ഏഴ് എ യിൽ ആക്കിയിരുന്നു. എന്റെ ക്ലാസ് ഏഴ് സി യിൽ എന്നെപ്പോലുള്ള ചോദിക്കാനും പറയാനുമില്ലാത്ത കുറെയെണ്ണം.  അന്നത് അറിയാത്തതു കൊണ്ടും അറഞ്ഞാലും പ്രത്യകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാലും ആ വക കാര്യങ്ങൾ എന്നെ അലട്ടിയതേയില്ല.
സങ്കടപ്പെട്ടത് ആറിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ട് ചങ്ക്സ് കൂടെയില്ലാതെ പോയതിനാലാണ്.  അമ്പൻ ദാമോരനും ചിത്രയും . അമ്പൻ തോറ്റു പോയതാണ്. (സത്യത്തിൽ  കാലമ്മാറ് തോപ്പിച്ചതാണ്. !! )
ചിത്ര ഏഴ് എ യിൽ നേരത്തെ പറഞ്ഞ എലൈറ്റ് ക്ലാസിൽ.

പക്ഷെ ആ സങ്കടമൊക്കെ പെട്ടെന്ന് മറന്നു. കണക്ക് പഠിപ്പിച്ചിരുന്ന  വേണു മാഷും സയൻസ് പഠിപ്പിച്ച കൃഷ്ണൻ മാഷും വളരെ വേഗത്തിൽ കുട്ടികളെ വേറൊരു തലത്തിലേക്ക് കൂട്ടി കൊണ്ടുപോയി. ദാരിദ്ര്യ ജന്യമായ അപകർഷതകളിൽ നിന്നും മോചനം നേടാനും ആത്മവിശ്വാസത്തിന്റെ പൂമണം നുകരാനും അവരെപ്പോലുള്ള അധ്യാപകർ എത്ര മാത്രം കുട്ടികളെ സഹായിക്കുന്നു എന്ന് ഓർത്തു പോകുന്നു.!!                      
വിനോദും ഹരിശ്ചന്ദ്രനും പ്രകാശനും ശ്രീജിത്തും രാജനും സി കെ പ്രദീപനും സന്തോഷനും മറ്റു കുട്ടികളും വളരെ വേഗത്തിൽ എന്റെ ചങ്ക്സ്  ആയി മാറിക്കഴിഞ്ഞു.  
                    
രാജനും സന്തോഷവും പ്രദീപനും മുണ്ടുടുത്താണ് വന്നിരുന്നതെന്നാണ് എന്റെ ഓർമ്മ. വിനു ആകട്ടെ പത്താം ക്ലാസ് കഴിയുന്നവരെ ട്രൗസർ തന്നെ എന്ന് ഇടക്ക് പറഞ്ഞേക്കാം🤣🤣🤣       
               
ആറിൽ ഞാൻ ക്ലാസ് ലീഡറായിരുന്നു. ഏഴിൽ എന്നെ സ്കൂൾ ലീഡറാക്കാൻ എന്റെ ചങ്ക്സ് ഒക്കെ ചേർന്ന് പ്രവർത്തനം തുടങ്ങിയിരുന്നത് കൊണ്ട് ക്ലാസ് ലീഡർ     സ്ഥാനാർത്ഥിയായി വിനോദിനെ ഉയർത്തി ക്കൊണ്ടു വന്നു. ക്ലാസ് ലീഡറിന്റെ കുപ്പായമൊന്നും തുന്നി്ച്ചില്ലെങ്കിലും
അസംബ്ളിക്ക് ചൊല്ലിക്കൊടുക്കാനുള്ള "ഇന്ത്യ എന്റെ രാജ്യമാണ്" എന്ന് തുടങ്ങുന്ന പ്രതിജ്ഞ വർഷങ്ങൾക്ക് മുമ്പേ തന്നെ പഠിച്ചു വച്ചിരുന്നു. :-)

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഗോവിന്ദ കൃഷ്ണനോട് ഒരു വോട്ടിന് തോറ്റ കാര്യം മുമ്പെ എഴുതിയിരുന്നല്ലോ !! പ്രാഞ്ചിയേട്ടനിൽ ഇന്നസെന്റ് മമ്മൂട്ടിയോട് പറയുന്ന പോലെ " ഇതെജുക്കേഷൻ കൊണ്ടോയി ട്ടാ" ... ഗോവിന്ദു വെൽ ബി ഹേവ്ഡും വെൽ പഠിപ്പ്ഡും  പിന്നെ  ഇമക്കുവേറ്റ്ലി ഡ്രസ്ഡ് ഓൾ ദ ടൈം ഉം ആയത് കൊണ്ട് അവന് കൂടുതൽ വോട്ട് കിട്ടിയതിൽ അത്ഭുതമില്ല. പ്രത്യേകിച്ച് പെൺകുട്ടികളുടെ വോട്ട് !!

കഥയിലേക്ക് വരട്ടെ: വിനുവിന് ഉയരം കുറവാണെന്നതൊഴിച്ചാൽ, എന്നെക്കാളും യോഗ്യത അവന് തന്നെ. അവനാണെങ്കിൽ കൂടുതൽ കംപോസ്ഡ് ആയ കേരക്ടർ ആണെന്നും കൂടി പറയാം..
അവന്റെ എതിർ സ്ഥാനാർത്ഥിയായി പെൺകുട്ടികൾ സീനയെ നിർത്തി.
അന്നത്തെ കാലം ആൺകുട്ടികളും പെൺകുട്ടികളും ഇന്ത്യയും പാക്കിസ്ഥാനും പോലെ ആയിരുന്നു എന്നറിയാല്ലോ.                      
ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ സംസാരിച്ചു കൂട എന്നാണ്  പൊതുവിലുള്ള നിയമം. ഒന്നിച്ചു കളിക്കലും                      
ഒന്നിച്ചു ചങ്ങാത്തം കൂടി നടക്കലും സൊറ പറച്ചിലും കളിയും ചിരിയും എല്ലാം ആ അതിർത്തിക്കിപ്പുറം മാത്രം.                      
കമ്മ്യൂണിക്കേഷൻസ് ഒന്നും നടക്കാത്തതു കൊണ്ട് പരസ്പര ശത്രുക്കമായി ക്കരുതിയിരുന്ന ആൺസും പെൺസും !!l                      
ഇനി സീനയെ പറ്റി രണ്ടേ രണ്ട് വാക്ക്: സീനയും അവളുടെ ചേച്ചി സ്വപ്നയും
സ്വപ്നയുടെ ചേച്ചി സോഫിയയും സ്കൂൂളിലെ  സ്പെഷ്യൽ അട്രാക് ഷ്ൻ സ്ആയിരുന്നു, മൂന്നു പേരും ഭരത നാടും എന്ന അന്നത്തെ ക്കാലത്തെ അപൂർവ്വം നൃത്തയിനം സ്കൂളിൽ അവതരിപ്പിക്കുന്നവർ. സോഫിയ കുറെ സീനിയർ ആയതിനാൽ ഞാൻ ചെറിയ ക്ലാസിലുള്ളപ്പോൾ തന്നെ അവൾ ഏഴാം ക്ലാാസു കഴിഞ്ഞ് ഹൈസ്കൂളിലേക്ക് പോയി. അത് കൊണ്ട് അവളെ ശരിിിക്കങ്ങ ഓർക്കുന്നില്ല. എന്നാൽ സ്വപ്നയെ നല്ല പോലെ ഓർമ്മ്മയുണ്ട്.
സ്കൂളിൽ കലാവേദി നടക്കുന്ന സമയത്ത്
സർവ്വാഭരണങ്ങളും ഉടയാടയും അണിഞ്ഞ് മുഖ ചമയങ്ങളോടെ എത്തുന്ന സ്വപ്നയെ മാധുരി ദീക്ഷിതിനെപ്പോലൊരു  വലിയൊരു സെലിബ്രിറ്റിയെ നോക്കിക്കാണുന്ന പോലെ നമ്മൾ ആരാധകർ നോക്കി നിന്നു. കൂടെ അവളുടെ അച്ഛനും അമ്മയും ഉണ്ടാകും. അവരുടെ കൈയ്യിൽ വലിയ നീളമുള്ള ഒരു ടേപ് റെക്കോർഡറും ഉണ്ടാകും. അന്നത് അൽഭുതക്കാഴ്ച തന്നെ !!

 സ്വപ്നയെപ്പോലെ സ്വപ്ന സുന്ദരിയല്ലെങ്കിലും സീനയും സുന്നരിക്കുട്ടി തന്നെ !! അവൾ വരുന്നത് വർണ്ണ ശബളമായ ഉടുപ്പുകൾ ധരിച്ച് , കൈയ്യിൽ സ്വിച്ചമർത്തിയാൽ തുറക്കുന്ന , മടക്കുന്ന കുടയും ചൂടി മറ്റേ കയ്യിൽ അലൂമിനിയത്തിന്റെ പുസ്തക പെട്ടിയുമേന്തി പ്രൗഢിയോടെ അവൾ നടന്നു കയറും ഏഴാം ക്ലാസിലേക്ക്!!                      
എങ്കിലും സ്വപ്നയോട് തോന്നിയ ആരാധന അനിയത്തിയോട് തോന്നിയില്ല. പകരം ഒര് തരം അസൂയ ആണെന്ന് തോന്നുന്നു നമുക്ക് ആൺകുട്ടികൾക്കൊക്കെയും അവളോട് തോന്നിയത്.     
                 
ക്ലാസ് ലീഡർ എലക് ഷനിൽ വിനുവിനെ ഒരു വോട്ടിന് തോൽപ്പിിച്ച് അവൾ ജയിച്ചതോടെ അവളുടെ തലക്കനവും അഹങ്കാരവും ഒന്നു കൂടി വർദ്ധിച്ചു എന്ന് തോന്നി.                      
പെൺകുട്ടികളെല്ലാം അവളുടെ തോഴിമാരായി. അവളുടെ ഭരണം തുടങ്ങിയപ്പോൾ . നമ്മൾ ആൺകുട്ടികൾ മിണ്ടിയാൽ അവൾ പേരെഴുതും. അവളല്ല എഴുതുന്നത് അവളുടെ ആജ്ഞ പ്രകാരം തോഴിമാരിൽ ഒരാളായിരിക്കും.                      
സാധാരണ അത്യാവശ്യം പഠിക്കുന്ന കുട്ടികൾ തമ്മിൽ ഒരു മ്യൂച്ചൽ റെസ്പകട് വളർന്നു വരും. ഇവൾ പഠിക്കാൻ അത്ര മിടുക്കിയല്ലാത്തതു കൊണ്ടായിരിക്കണം അങ്ങനെയൊന്ന് തീരെയില്ല അവൾ പ്രകടിപ്പിക്കുന്ന നീരസവും പുച്ഛവും പിന്നെ അച്ചടക്ക നടപടികളും കാരണം ജീവിതം വഴിമുട്ടിയ നമ്മൾ സംഘം ചേർന്നു. രാജനും സന്തോഷനുമാണെന്ന് തോന്നുന്നു ഒരു ദിവസം കൃഷ്ണൻ മാഷോട് പരാതി പറഞ്ഞു ...                      
ക്ലാസ് ലീഡർ അനാവശ്യമായി പീഡിപ്പിക്കുന്നതാണ് പരാതി. ഞാനിവിടെ വരുന്നത് ക്ലാസെടുക്കാനാണ്. അല്ലാതെ ഇവിടെ പഞ്ചായത്ത് നടത്താനല്ല എന്ന് പറഞ്ഞും കൊണ്ട് കഷ്ണൻ മാഷ് ഇറങ്ങിപ്പോയി. നിമിഷങ്ങൾക്കകം " ആർക്കാടാ ...ആർക്കാടാ പരാതീ'' എന്നലറിക്കൊണ്ട് കൊടുങ്കാറ്റ് പോലെ ഹെഡ്മാസ്റ്റർ ഗോപാലൻ മാഷ് ക്ലാസിൽ എത്തി.                      
ക്ലാസിൽ പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകനെ വടിവാൾ കൊണ്ട് ഒരു കൂട്ടം ഗുണ്ടകൾ കുട്ടികളുടെ മുമ്പിൽ വച്ച് ഭീകരമായി വെട്ടിക്കൊന്ന സംഭവം കേട്ടിട്ടില്ലേ? അതിലും കൂടുതൽ ഭീകരത സൃഷ്ടിച്ചു കൊണ്ടായിരുന്നു മാഷിന്റെ താണ്ഡവം !! കൈയ്യിൽ വടിവാളിന് പകരം ഇരുമ്പു ദണ്ഡ്  പോലൊരു ചൂരൽ വടി എന്നു മാത്രം.                      
വീട്ടിലെ പശുക്കളെയോ മുരികളെയോ ഇത്ര ക്രൂരമായി തല്ലുമോ എന്ന് ആ മാഷിനോട് എന്നെങ്കിലും ചോദിക്കണം എന്ന് വിചാരിച്ചിരുന്നു.                      
കൊടിയ മർദ്ദനം കണ്ട് സകൂൾ മുഴുവൻ വിറങ്ങലിച്ചു നിന്നു. തല്ലിതകർത്ത് തളർന്ന മാഷ് കിതച്ചു കൊണ്ട് തിരിച്ച് പോയി. ഒരു പരാതി പറഞ്ഞു എന്ന തികച്ചും നോൺ വയലന്റ് ആയ പ്രവർത്തിക്കാണ് നിത്യ ഖദർ ധാരിയായ മാഷ് ഈ ലാത്തി പ്രയോഗം മുഴുവൻ നടത്തിയത് എന്നത് എനിക്ക് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ഒരു ചോദ്യമായി ഇന്നും മനസ്സിൽ കിടക്കുന്നു.                      
അന്ന് വൈകുന്നേരം ജനഗണമന ചൊല്ലുന്നത് വരെ ശ്മശാനത്തിലെ മൂകതയായിരുന്നു നമ്മുടെ ക്ലാസിൽ. കൃഷ്ണൻ മാഷ് വീണ്ടും വന്നിരുന്നു. പക്ഷെ അദ്ദേഹം ക്ലാസ് തുടർന്നില്ല. മേശയിൽ ചാഞ്ഞ് നിന്നു പിരിയഡ് തീരുന്നത് വരെ. ആരുടെയും മുഖത്ത് നോക്കാതെ. കുറ്റബോധത്താൽ കുനിഞ്ഞ ശിരസ്സുമായി !!                      
ഗോപാലേട്ടൻ  ബെല്ലടിച്ചപ്പോൾ പതിവനുസരിച്ച്, നമ്മൾ തുള്ളിച്ചാടി ഓടിയില്ല. നമ്മുടെ ക്ലാസിന്റെ വാതിലിലൂടെ നോക്കിയാൽ സകൂൾ ഗേറ്റ് കാണാം. രണ്ട് വിക്കഡ് ഗേറ്റ് ചേർന്ന ഒരു കെണിയാണ് നമ്മുടെ സ്കൂൾ ഗേറ്റ്. ഓരോരുത്തരുടെ ഊഴം കാത്തു നിൽക്കണം. അതിന് ക്ഷമയില്ലാത്ത ചുണക്കുട്ടികൾ ഗേറ്റിന്റെ മുകളിൽ ചാടി ക്കേറി ഇറങ്ങിപ്പായുന്നത് കാണാം.                      
 ഞാൻ പതുക്കെ രാജന്റെ അടുത്തേക്ക് ചെന്നു.                      
അവൻ ആകെ തകർന്നിരിക്കുന്നു. ശരീരം മുഴുവൻ ചൂരൽ പാടുകളുണ്ട്.

ഞാനട്ത്ത് പോയി ഇരുന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല. രാജൻ പെട്ടെന്ന് എന്റെ നേരെ വെട്ടിത്തിരിഞ്ഞു കൊണ്ട് എന്നോട് ചോദിച്ചു: " എല്ലാരിക്കും തൃപ്തിയായില്ലേ? നിങ്ങക്കെല്ലം ബേണ്ടിയല്ലേ  ഞാൻ പരാതി പറഞ്ഞിന് " .
ഇത് പറയുമ്പോൾ രാജൻ കിതച്ചു. പറഞ്ഞു കഴിഞ്ഞ് ഉച്ചത്തിൽ എങ്ങലിട്ടു കരയുകയും ചെയ്തു.
സന്തോഷൻ കരഞ്ഞില്ല. പക്ഷെ എന്നോട് തട്ടിക്കയറി. അവർ പറഞ്ഞു തുടങ്ങും മുമ്പ് തന്നെ എന്റെ ഉള്ളിലെ നാനാ പടേക്കർ ഉണർന്നു. ഹെഡ് മാസ്റ്ററുടെ ക്രൂരതക്കെതിരെയും ക്ലാസ് ലീഡർ സീന എന്ന യക്ഷിയെയും കണക്കില്ലാതെ ഭൽസിച്ചു.😀😀 ... അതിനിടയിൽ ഞാൻ ശ്രീജിത്തിനോട് പറഞ്ഞു എടാ ഒര് പെയിപ്പ റെട്ക്ക്  എന്നിറ്റ് എഴ്ത് . പരാതി എഴ്ത്. ഞാമ്പറഞ്ഞ് തരാ. "
ശ്രീജിത്ത് കണക്കിൽ തോൽക്കുമെങ്കിലും നല്ല കൈയ്യക്ഷരം ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
ക്ലാസിൽ നടന്ന ഭീകരമായ സംഭവത്തെക്കുറിച്ച് എഴുതി. സീന ക്ലാസ് ലീഡർ ആയതു മുതലുള്ള അവളുടെ നടപടികളെയും പെരുമാറ്റങ്ങളെയും പക്ഷപാതിത്വങ്ങളെയും ആൺകുട്ടികളോട് അവൾക്കുള്ള ശത്രുതയെയും കുറിച്ച് എഴുതി. ക്ലാസിലെ പഠന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളുടെ പൊതുവിലുള്ള അക്കാദമികമായ വളർച്ചക്കും ഇങ്ങനെയൊരു സ്ഥിതി വിശേഷം കാരണമാകുമെന്നും , കുട്ടികളെ ജീവനു തുല്യം സ്റ്റേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ക്ലാസ് ടീച്ചർ ഉചിതമായ നടപടി എടുക്കുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ യെന്നും വെച്ചു കാച്ചി.എല്ലാം എഴുതി കഴിഞ്ഞപ്പോൾ രാജന് വലിയ ആശ്വാസം . അവൻ കണ്ണീർ വാർത്തു കൊണ്ട് തന്നെ എന്നെ കെട്ടിപ്പിടിച്ചു. അപമാനവും മർദ്ദനവും ഏറ്റു വാങ്ങിയ അവന്റെ ആത്മാവിനെയാണ് നമ്മുടെ ഈ കൂട്ടായ പ്രവർത്തനം സ്പർശിച്ചത്. !!!

പിറ്റേന്ന് രാവിലെ നമ്മളെല്ലാരും നേരത്തെ എത്തി. പരാതി കൈമാറാനും കാര്യങ്ങൾ വിശദീകരിക്കാനും ഞാനെന്ന പെൻഗ്വിൻ തയ്യാറായി. ഇത് പിഴച്ചാൽ മറ്റൊരു ലാത്തിച്ചാർജിലാ ണ് സംഭവങ്ങൾ കലാശിക്കുക എന്ന് എല്ലാവർക്കും അറിയാം. കൊല്ലുന്നെങ്കിൽ കൊല്ലട്ടെ, തിന്നുന്നെങ്കിൽ തിന്നട്ടെ എന്ന് ധൈര്യമലംബിച്ചു നിന്നു. മാഷിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞാൻ  തയ്യാറെടുത്തു. ഇങ്ങനെ ചോദിച്ചാൽ ഈ തരത്തിൽ മറുപടി പറയണം എന്ന രീതിയിൽ നമ്മൾ ചർച്ച ചെയ്തു. ക്ലാസ് ടീച്ചർ കെ സി പി മാഷ് കുട്ടികളെ അടിക്കില്ല. ഇന്നലെ ഈ ബഹളം നടക്കുമ്പോൾ അദ്ദേഹം ഓടി വന്നിരുന്നു. പക്ഷെ നിശബ്ദനായി, നിസ്സഹായനായി നോക്കി നിന്നതല്ലാതെ ഒരക്ഷരം ഉരിയാടിയിരുന്നില്ല.

മാഷ് പത്ത് മണിക്ക് ക്ലാസിലെത്തിയപ്പോഴും അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടു.  വളരെ യാന്ത്രികമായി ഹാജർ വിളിച്ചു.

സാധാരണ ക്ലാസിലെത്തിയാലുടൻ അദ്ദേഹം എന്തെങ്കിലും തമാശ പറയും. ക്ലാസെടുക്കുന്നതിനിടയിലും തമാശകളുണ്ടാവും. മാഷ് വലിയ പ്രഗൽഭനായ അധ്യാപകനാണെന്ന് പൊക്കി പറയുന്നില്ല . പക്ഷെ കുട്ടികളോട് വലിയ അനുകമ്പ കാണിക്കും. പക്ഷ പാതിത്വം തീരെയില്ല.  ഇതൊക്കെ അറിയുന്നത് കൊണ്ടായിരിക്കും മാഷിന്റെ സമക്ഷം കാര്യങ്ങൾ അവതരിപ്പിക്കാൻ നമ്മൾ തയ്യാറായത് !!

അതിന് ധൈര്യം വന്നത്.
ഹാജർ പട്ടിക അടച്ചതും ഞാനെഴുന്നേറ്റു. " മാഷേ ഒര് കാര്യം മാഷോട് പറയാന്ണ്ട്! " എന്ന് പറഞ്ഞു കൊണ്ട് കൈയ്യിൽ പിടിച്ചിരുന്ന കടലാസ് അദ്ദേഹം നിന്നിരുന്ന സ്ഥലത്ത് പോയി കൊടുത്തു. മാഷത് വായിക്കാൻ തുടങ്ങി. ക്ലാസിൽ എല്ലാവരും മാഷിനെ  നോക്കുകയാണ്. ഞാനിരിക്കാതെ നിൽപ്പ് തുടർന്നു. മാഷിന്റെ മുഖം വലിഞ്ഞു മുറുകുന്നതും പൊതുവെ ചുവപ്പായ മുഖം കൂടുതൽ ശോണമാകുന്നതും കാണാം.

വായിച്ചു കഴിഞ്ഞപ്പോൾ മാഷ് വികാര വിക്ഷുബ്ദനായി : " അവർക്കും ജീവിക്കണ്ടെ? അവർക്കും പഠിക്കണ്ടെ?" എന്ന് ചോദിച്ചു സീനയോട്..

ക്ലാസ് ലീഡറായി തുടരാനുള്ള യോഗ്യത നീ തന്നെ നഷ്ടപ്പെടുത്തിയില്ലേ? സ്വയം ആലോചിച്ചു നോക്ക് !!
മാഷ് ക്ലാസെടുക്കുമ്പോൾ അടക്കിപ്പിടിച്ച ശബ്ദമായിരിക്കും. ഇമോഷണൽ ആയി സംസാരിക്കുമ്പോൾ ശബ്ദം  അൽപം വിറക്കും അത്ര മാത്രം.

എന്നിട്ടും മാഷിന്റെ മുമ്പിൽ ഒട്ടും കുലുങ്ങാത്ത സീനയെ   ഇന്നും ഞാൻ അത്യധികം ബഹുമാനത്തോടെ ഓർക്കുന്നു . അവളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ മാഷിന്റെ ഈ ഇമോഷണൽ ടോർച്ചറിൽ ൽ അടിപതറി , പൊട്ടിക്കരഞ്ഞു പോയേനെ.. സീന എല്ലാം കേട്ട് നിന്നതിന് ശേഷം ഒരേയൊരു കാര്യം മാത്രം പറഞ്ഞു:  "മാഷേ ഇനി എനിക്ക് ലീഡറാവണ്ട!!  " .
ഉടനെ മാഷ് എന്റെ നേരെ തിരിഞ്ഞു: "പിന്ന ആരാകും ലീഡർ? "
ഇങ്ങനെ ഒരു ചോദ്യം വന്നാൽ വിനുവിന്റെ പേര് പറയാമെന്ന് ഞാൻ കണക്കു കൂട്ടിയിരുന്നു. ഏതാായാലും ആ ഐഡിയ  ഞാനാരോടും പറഞ്ഞിരുന്നില്ല. വിനുവിനോട് പോലും. !!!
" ലീഡറാവാൻ പറ്റിയ ആൾ ഈ വിനു ആണ് മാഷേ "  അത് പറയുമ്പോഴുള്ള എന്റെ കോൺഫിഡൻസ് കണ്ട് ഞാൻ തന്നെ സ്വയം അൽഭുതപ്പെട്ടു !! 
പൂര പറമ്പിൽ ഇടഞ്ഞ ആന പുതിയ ഇരയുടെ നേരെ തിരിയുന്നതു പോലെ കെ സി പി മാഷ് വിനുവിന് നേരെ : "നിനക്ക് സമ്മതമാണോ?" !!!
വിനു പരിഭ്രമ ചിത്തനായി തലയാട്ടി. 
മാഷിന്റെ അടുത്ത ചോദ്യം: "എത്രയാൾ വിനുവിനെ പിന്തുണക്കുന്നു. കാണട്ടെ !!" കെസിപി മാഷിന്റെ പനിനീർ പൂവ് പോലെ ചുവന്ന മുഖവും ധർമ്മ രോഷം കത്തുന്ന കണ്ണുകളും കണ്ടവരെല്ലാം കൈ പൊക്കി. ചുരുക്കത്തിൽ ക്ലാസ് മുഴുവൻ പിന്തുണച്ചു. നിഷ്കാതിതയായ ക്ലാസ് ലീഡറുൾപ്പെടെ !!.
ഉടനെ മാഷിന്റെ പ്രഖ്യാപനവും വന്നു !!!
വിനു അങ്ങനെ ക്ലാസ് ലീഡറായി അവരോധിക്കപ്പെട്ടു. 

മാഷക്ക് വേണമെങ്കിൽ ഹെഡ് മാഷിനോട് റിപ്പോർട്ട് ചെയ്യാമാ യിരുന്നു, ഈ ശിപായി ലഹള !!  അങ്ങനെയെങ്കിൽ ഈ ഉത്തുവിന്റെ കോർട്ട് മാർഷലും എക്ലിക്യൂഷനും അന്ന് തന്നെ നടന്നേനെ. ശവം വീട്ടുകാർക്ക് വിട്ടു കൊടുക്കുമായിരിക്കും. 
എന്നാൽ മാഷ് അതിത്ര വിവേകത്തോടെ യും പക്വതയോടെയും അത് കൈകാര്യം ചെയ്തത് ആദരവോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ക്ലാസിനെ നമ്മളൊക്കെ മിമിക്രി ചെയ്ത് കാണിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ദീനാനുകമ്പയെയും മരിക്കുന്നത് വരെ അദ്ദേഹം കൈവിടാത്ത വിപ്ലവ മൂല്യങ്ങളെയും ആദരവോടെ നമിക്കുന്നു.
ഒപ്പം തന്റേടവും ധൈര്യവും പെൺകുട്ടികൾക്ക് ഒട്ടും കുറവല്ല എന്ന് പ്രവർത്തിയിലൂടെ കാണിച്ചു തന്ന പ്രിയ സതീർത്ഥ്യ സീനയെയും ഓർമ്മിക്കുന്നു. ഏഴാം ക്ലാസ് വിട്ട ശേഷം അവൾ എങ്ങോട്ട് അപ്രത്യക്ഷയായെന്ന് ഒര് അറിവുമില്ല. എങ്ങനെയെങ്കിലും ഈ കഥ അവൾ വായിക്കാൻ ഇടയാവട്ടെ. അന്നത്തെ യുവ തുർക്കികൾ അവളെ ഓർക്കുന്നത് സ്റ്റേഹത്തോടെയാണെന്ന് അവൾ അറിയാനിട വരട്ടെ !!!
ശുഭം !!
ഉത്തു വായാട്ട്. 

ചിത്രങ്ങളോട് കടപ്പാട് : സുനിൽ പൂക്കോട് .
                      

Comments